കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന പ്രണയ സങ്കല്പങ്ങളെയും ഡേറ്റിംഗ് സംസ്കാരത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വേദിയായി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ. ഉച്ചകോടിയുടെ ഒന്നാം ദിനത്തിൽ സംഘടിപ്പിച്ച ‘അരികെ – റീഡിഫീനിംഗ് റിലേഷൻഷിപ്പ്സ് വൺ സ്വൈപ്പ് അറ്റ് എ ടൈം’ എന്ന സെഷനിലാണ് പുതിയ കാലത്തെ ബന്ധങ്ങളിലെ വൈവിധ്യങ്ങളും വെല്ലുവിളികളും ചർച്ചയായത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സൈലേഷ്യ ജി, എഴുത്തുകാരൻ അമർനാഥ് ശങ്കർ എന്നിവർ പങ്കെടുത്ത ചർച്ചയിൽ അക്കാദമിക് വിദഗ്ധ മിഥില ജോസ് മോഡറേറ്ററായിരുന്നു.
ജെൻ സി, ജെൻ ആൽഫ തലമുറകൾക്ക് മുന്നിലുള്ള വൈവിധ്യമാർന്ന തിരഞ്ഞെടുപ്പുകളെയും അവസരങ്ങളെയും കുറിച്ച് സൈലേഷ്യ ജി സംസാരിച്ചു. ആധുനിക കാലത്ത് ഡേറ്റിംഗ് എന്നത് വെറുമൊരു ലക്ഷ്യസ്ഥാനമല്ലെന്നും പരീക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും സ്വയം കണ്ടെത്താനുള്ള ഒരു യാത്രയായി മാറിയിരിക്കുകയാണെന്ന് അവർ അഭിപ്രായപ്പെട്ടു. സ്വൈപ്പിംഗ് സംസ്കാരം ‘സിറ്റുവേഷൻഷിപ്പുകൾ’ ഉൾപ്പെടെയുള്ള പുതിയ തരം ബന്ധങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ പലപ്പോഴും വൈകാരിക പ്രതീക്ഷകളെ സ്വാധീനിക്കുന്നുണ്ടെങ്കിലും, ഇന്നത്തെ പങ്കാളികൾ കൂടുതൽ തുറന്ന ആശയവിനിമയത്തിനും കൃത്യമായ ഡിജിറ്റൽ അതിർവരമ്പുകൾ നിശ്ചയിക്കുന്നതിനും പ്രാധാന്യം നൽകുന്നുണ്ട്.
ബന്ധങ്ങളിൽ പെട്ടെന്നുള്ള വൈകാരിക പ്രതികരണങ്ങളെക്കാൾ ഉപരിയായി ബോധപൂർവമായ തീരുമാനങ്ങൾ എടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അമർനാഥ് ശങ്കർ സംസാരിച്ചു. ഡേറ്റിംഗ് എന്നത് ഒരു പ്രക്രിയയുടെ തുടക്കം മാത്രമാണെന്നും, ഒരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ പോലും ഗൗരവമായ ശ്രദ്ധയും ലക്ഷ്യബോധവും ആവശ്യമാണ്. വൈകാരികമായ തിരിച്ചറിവോടെയും കൃത്യമായ ആശയവിനിമയത്തിലൂടെയും പുതിയ കാലത്തെ ബന്ധങ്ങൾ കൂടുതൽ പക്വമാകുന്നതായും, പങ്കാളികൾക്കിടയിൽ വ്യക്തമായ അതിർവരമ്പുകൾ രൂപപ്പെടുന്നുണ്ടെന്നും അവർ വിലയിരുത്തി.
For More Details 7034044141
