ബോധപൂർവ്വം തെരഞ്ഞെടുക്കുന്ന നിശബ്ദതയ്ക്കും സ്വാധീനം ചെലുത്താൻ കഴിയും: ശ്രുതി രാമചന്ദ്രൻ

chosen_silence_and_impact

കൊച്ചി: നാം ബോധപൂർവ്വം തെരഞ്ഞെടുക്കുന്ന നിശബ്ദതയ്ക്കുപോലും സമൂഹത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് നടിയും ആർക്കിടെക്റ്റുമായ ശ്രുതി രാമചന്ദ്രൻ. “സ്വാധീനത്തിന്റെ സ്വരങ്ങൾ: അവളുടെ ശബ്ദം. അവളുടെ കരുത്ത്. അവളുടെ സ്വാധീനം.” എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

 

യൂണിസെഫ് ഇന്ത്യയിലെ പോളിസി പാർട്ണർഷിപ്പ് ആൻഡ് പ്രോഗ്രാം ഇൻവെസ്റ്റ്‌മെന്റ് വിദഗ്ധ രമോണ ബക്ഷി, പ്രശസ്ത നടിയും ആർക്കിടെക്റ്റുമായ ശ്രുതി രാമചന്ദ്രൻ എന്നിവരായിരുന്നു പ്രധാന പാനലിസ്റ്റുകൾ. പ്രവീൺ പോൾ മോഡറേറ്ററായ ചർച്ചയിൽ, അതിപ്രസരമുള്ള ഇന്നത്തെ ഡിജിറ്റൽ ലോകത്ത് എങ്ങനെ സ്വന്തം വ്യക്തിത്വം നിലനിർത്താം എന്നതിനെക്കുറിച്ച് ഗൗരവകരമായ സംവാദങ്ങൾ നടന്നു.

 

വാക്കുകൾക്കും പ്രവർത്തികൾക്കും പിന്നിലെ കരുത്തിനെക്കുറിച്ച് ശ്രുതി രാമചന്ദ്രൻ സംസാരിച്ചു. “അധികാരം വാക്കുകളിൽ മാത്രമല്ല, നമ്മുടെ ജീവിതരീതിയിലാണ്. നാം ബോധപൂർവ്വം തിരഞ്ഞെടുക്കുന്ന നിശബ്ദതയ്ക്കും വലിയ സ്വാധീനം ചെലുത്താൻ കഴിയും,” ശ്രുതി പറഞ്ഞു. ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങൾക്ക് സ്വയം വളരാൻ സാധിക്കുന്നില്ലെങ്കിൽ സ്ത്രീസമൂഹത്തെ സ്വാധീനിക്കാനോ ഉദ്ഗ്രഥിക്കാനോ കഴിയില്ലെന്ന് ശ്രുതി കൂട്ടിച്ചേർത്തു.

 

വികസന പ്രവർത്തനങ്ങളിൽ താഴെത്തട്ടിൽ നിന്നുള്ള മാറ്റത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രമോണ ബക്ഷി സംസാരിച്ചു. മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കുന്നതും വിശ്വാസം നേടിയെടുക്കുന്നതുമാണ് യഥാർത്ഥ നേതൃത്വത്തിന്റെ ലക്ഷണം. “സഹാനുഭൂതി ഉണ്ടാകണമെങ്കിൽ ആദ്യം കേൾക്കാൻ തയ്യാറാകണം. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതിനേക്കാൾ അവരോടൊപ്പം ചേർന്നു നിന്ന് സംസാരിക്കുമ്പോഴാണ് മാറ്റങ്ങൾ സംഭവിക്കുന്നത്.”- രമോണ വ്യക്തമാക്കി. സോഷ്യൽ മീഡിയയുടെ സമ്മർദ്ദങ്ങളിൽ പെടാതെ, ലക്ഷ്യബോധത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറേണ്ടതുണ്ട്. അവനവനിലുള്ള ആത്മവിശ്വാസം എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ സ്ത്രീകളെ സഹായിക്കുമെന്നും രമോണ പറഞ്ഞു.

 

For More Details  7034044141