കൊച്ചി: പ്രതിസന്ധികളെ അതിജീവിച്ച് സ്വന്തം വ്യക്തിത്വം വീണ്ടെടുത്ത സ്ത്രീകളുടെ ജീവിതകഥകള്‍ പങ്കുവെച്ച് ജെയിന്‍ യൂണിവേഴ്സിറ്റിയുടെ ‘ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026’. സമ്മിറ്റിന്റെ രണ്ടാം ദിനമായ ഇന്ന് ‘നായിക – പെണ്‍പെരുമയുടെ കഥകള്‍’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച സ്ത്രീജീവിതത്തിലെ പരിവര്‍ത്തനങ്ങളെയും വെല്ലുവിളികളെയും ആഴത്തില്‍ വിശകലനം ചെയ്തു. ഡോ. ബിന്‍സി ബേബി മോഡറേറ്ററായ ചര്‍ച്ചയില്‍ പ്രശസ്ത റൈഡര്‍ ഷൈനി, സംരംഭക നസീറ അഹമ്മദ്, ഡോ. ശ്രീലക്ഷ്മി എന്‍. നായര്‍ എന്നിവര്‍ പങ്കെടുത്തു.
വിവാഹശേഷം സ്ത്രീയുടെ വ്യക്തിത്വത്തിലും ജീവിതസാഹചര്യങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഡോ. ശ്രീലക്ഷ്മി എന്‍. നായര്‍ സംസാരിച്ചത്. കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് ഒത്തുനില്‍ക്കാന്‍ ശ്രമിക്കുമ്പോഴും സ്വന്തം ശബ്ദം നഷ്ടപ്പെടാതിരിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണമെന്നും, ശരിയായ പിന്തുണ ലഭിച്ചാല്‍ വിവാഹം വളര്‍ച്ചയ്ക്കുള്ള പ്ലാറ്റ്ഫോമായി മാറുമെന്നും അവര്‍ നിരീക്ഷിച്ചു. മുപ്പതുകളിലും നാല്‍പ്പതുകളിലും പഠനത്തിനും കരിയറിനും പ്രായം തടസ്സമല്ലെന്ന് സ്വന്തം ജീവിതാനുഭവം പങ്കുവെച്ചുകൊണ്ട് അവര്‍ വ്യക്തമാക്കി.
സമൂഹത്തിന്റെ മുന്‍വിധികളെ തകര്‍ത്ത് ഇന്ത്യയുടനീളം ബൈക്കില്‍ സഞ്ചരിച്ച തന്റെ അനുഭവങ്ങളാണ് ഷൈനി പങ്കുവെച്ചത്. 42-ാം വയസ്സിലും തന്റെ പാഷന്‍ പിന്തുടരുന്ന അവര്‍, കേരളത്തിലെ ആദ്യ വനിതാ റൈഡിംഗ് ക്ലബ്ബിന്റെ സ്ഥാപക കൂടിയാണ്. ‘ഇരുണ്ട നിറത്തിന്റെ പേരിലും ഒറ്റയ്ക്കുള്ള യാത്രകളുടെ പേരിലും സമൂഹം പരിഹസിച്ചപ്പോഴും പതറാതെ മുന്നോട്ടുപോയി. ഒരാളെങ്കിലും നമ്മളെ പിന്തുണയ്ക്കാനുണ്ടെങ്കില്‍, അല്ലെങ്കില്‍ നമ്മള്‍ നമ്മളെത്തന്നെ വിശ്വസിച്ചാല്‍ ഏത് കൊടുമുടിയും കീഴടക്കാം,’ ഷൈനി പറഞ്ഞു.
അഞ്ച് കുട്ടികളുടെ അമ്മയായ നസീറ അഹമ്മദ്, തകര്‍ച്ചകളില്‍ നിന്ന് എങ്ങനെ ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കാം എന്ന് വിശദീകരിച്ചു. വിവാഹശേഷം നേരിട്ട സാമ്പത്തിക-മാനസിക പ്രയാസങ്ങളെയും വിഷാദരോഗത്തെയും അതിജീവിച്ച് ഒരു ഹോം ബേക്കറായി മാറിയ നസീറയുടെ വാക്കുകള്‍ കേള്‍വിക്കാരെ വൈകാരികമായി സ്പര്‍ശിച്ചു. ‘നമ്മുടെ ഭാവി നിര്‍ണ്ണയിക്കുന്നത് ഭൂതകാലമല്ല, മറിച്ച് ശരിയായ സമയത്ത് നമ്മള്‍ എടുക്കുന്ന ധീരമായ തീരുമാനങ്ങളാണ്,’ നസീറ ഓര്‍മ്മിപ്പിച്ചു.
സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ യുഗവും സ്ത്രീകളില്‍ അമിതമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും, ശാരീരിക സൗന്ദര്യത്തേക്കാള്‍ മാനസികാരോഗ്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും പാനല്‍ വിലയിരുത്തി. പരാജയങ്ങളെയും വീഴ്ചകളെയും ലജ്ജയോടെ കാണാതെ, അവയെ വളര്‍ച്ചയ്ക്കുള്ള പാഠങ്ങളായി സ്വീകരിക്കണമെന്ന ആഹ്വാനത്തോടെയാണ് ചര്‍ച്ച അവസാനിച്ചത്.
For More Details 7034044141
