വ്യക്തിഗത ബ്രാൻഡിംഗ് ജനമനസ്സുകളിൽ ഇടം നേടാൻ സഹായിക്കും: ഷെഫ് സുരേഷ് പിള്ള

chef_pillai

കൊച്ചി: മത്സരബുദ്ധിയുള്ള ഇന്നത്തെ ലോകത്ത് വ്യക്തിഗത ബ്രാൻഡിംഗിന് (Personal Branding) വലിയ പ്രാധാന്യമുണ്ടെന്ന് പ്രശസ്ത പാചക വിദഗ്ധൻ ഷെഫ് സുരേഷ് പിള്ള. ശക്തമായ വ്യക്തിഗത ബ്രാൻഡിംഗ് വ്യക്തികളെ ജനമനസ്സുകളിൽ നിലനിർത്താനും പ്രസക്തി വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസിൽ നടന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറി’ന്റെ (Summit of Future) ഭാഗമായി സംഘടിപ്പിച്ച ‘ഫുഡ് സ്റ്റോറീസ് ആൻഡ് പേഴ്‌സണൽ ബ്രാൻഡിംഗ്’ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയത്തിലേക്കുള്ള പാത എളുപ്പമായിരുന്നില്ലെന്ന് സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഷെഫ് പിള്ള പറഞ്ഞു. 15 വർഷത്തോളം വിദേശത്ത് ജോലി ചെയ്ത ശേഷം കേരളത്തിൽ തിരിച്ചെത്തി താഴേത്തട്ടിൽ നിന്ന് വീണ്ടും തുടങ്ങേണ്ടി വന്നു. “ആദ്യത്തെ അഞ്ചു വർഷം കഠിനമായിരുന്നു. നാടിനെയും ആളുകളെയും അവരുടെ രുചികളെയും വീണ്ടും പഠിക്കേണ്ടി വന്നു. എല്ലായ്‌പ്പോഴും പെട്ടെന്നുള്ള ഫലം പ്രതീക്ഷിക്കാനാവില്ല, വളർച്ചയ്ക്ക് സമയവും ക്ഷമയും ആവശ്യമാണ്,” അദ്ദേഹം വ്യക്തമാക്കി.

 

മീൻ കറിയും ചോറും പോലുള്ള പരമ്പരാഗത വിഭവങ്ങളോട് മലയാളികൾക്കുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് സെഷനിൽ സംസാരിച്ച ബിഗ് ബോസ് താരവും ‘എഫ്.സി ബോയ്’ (FC Boy) എന്നറിയപ്പെടുന്ന വ്ലോഗറുമായ അഡ്വ. ഒനീൽ സാബു (Adv. O’Neal Sabu) സംസാരിച്ചു. വീടിനെയും സ്നേഹത്തെയും ഓർമ്മിപ്പിക്കുന്ന ഇത്തരം വിഭവങ്ങൾ പോലെ, മികച്ച പേഴ്‌സണൽ ബ്രാൻഡിംഗിൽ ‘സ്റ്റോറി ടെല്ലിംഗിന്’ (കഥ പറച്ചിലിന്) വലിയ പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “കൃത്രിമത്വമില്ലാതെ തന്റേതായ രീതിയിൽ സംസാരിക്കുന്നതാണ് എന്റെ ശൈലി. അത് കാലക്രമേണ എന്റെ ഐഡന്റിറ്റിയായി മാറി. എന്റെ തനതായ രീതികൾ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ജനങ്ങൾ എന്നെ തിരിച്ചറിയാൻ തുടങ്ങിയത്,” ഒനീൽ പറഞ്ഞു.

ഷെഫ് പിള്ളയുടെ സിഗ്നേച്ചർ വിഭവമായ ‘നിർവാണ’ ഫിഷ് കറിയുടെ പേരിന് പിന്നിലെ രസകരമായ കഥയും ഇരുവരും പങ്കുവെച്ചു. ഷെഫ് പിള്ള തയ്യാറാക്കിയ വിഭവത്തിന് ‘നിർവാണ’ എന്ന പേര് നൽകിയത് അഡ്വ. ഒനീൽ ആയിരുന്നു. പ്രശസ്ത ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിനായി പ്രത്യേകമായി തയ്യാറാക്കിയതോടെയാണ് ഈ വിഭവം കൂടുതൽ ജനശ്രദ്ധ നേടിയത്.

 

നിർവാണയുടെ റെസിപ്പി പൊതുജനങ്ങളുമായി പങ്കുവെച്ചത് ഷെഫ് പിള്ളയുടെ വിജയത്തിന് മാറ്റുകൂട്ടി. റെസിപ്പി രഹസ്യമാക്കി വെക്കുന്നതിന് പകരം അത് എല്ലാവരിലേക്കും എത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഈ സുതാര്യത അദ്ദേഹത്തിന്റെ ബ്രാൻഡ് വാല്യൂ വർദ്ധിപ്പിക്കുകയും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുകയും ചെയ്തെന്ന് സെഷൻ മോഡറേറ്റർ മിൻഹാജ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

For More Details  7034044141