നൈപുണ്യ വികസനത്തിലൂടെ സുസ്ഥിര ഇന്ത്യ: സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വിദഗ്ധര്‍

future_ready_india

കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയും സുസ്ഥിരതയും കൈവരിക്കാന്‍ നൈപുണ്യത്തിലൂന്നിയ പഠനവും പ്രായോഗിക പരിശീലനവും അത്യന്താപേക്ഷിതമാണെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’ വിലയിരുത്തി.

 

‘ഫ്യൂച്ചര്‍ റെഡി ഇന്ത്യ: ലേണിംഗ് പാത്ത്വേയ്സ് ഫോര്‍ എ സസ്‌റ്റൈനബിള്‍ പ്ലാനറ്റ്’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ കെഎംആര്‍എല്‍ ജനറല്‍ മാനേജര്‍ സുമി നടരാജന്‍, ജിയോജിത് കുസാറ്റ് സെന്റര്‍ ഓഫ് സസ്റ്റെയിനബിലിറ്റി സ്റ്റഡീസ് സിഇഒ ജോസഫ് മാര്‍ട്ടിന്‍, കേരള കാര്‍ഷിക സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അപര്‍ണ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സുസ്ഥിരത എന്നത് കേവലം നയങ്ങളില്‍ ഒതുങ്ങാതെ വിദ്യാഭ്യാസം, കൃഷി, വ്യവസായം, നഗര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ നിത്യേനയുള്ള പ്രയോഗമായി മാറണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ചയില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ഉല്‍പ്പാദനം മുതല്‍ വിപണനം വരെയുള്ള ഘട്ടങ്ങളില്‍ നേരിട്ടുള്ള പ്രായോഗിക ജ്ഞാനം ആവശ്യമാണ്. ഇതിനായി കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ‘റൂറല്‍ ഇമ്മേഴ്ഷന്‍’ മാതൃക (ഗ്രാമങ്ങളിലെ നേരിട്ടുള്ള പഠനം) മാതൃകയാക്കാമെന്ന് പാനല്‍ നിര്‍ദ്ദേശിച്ചു. പ്രൊഫ. ഡോ. സിമ്മി കുര്യന്‍ ചര്‍ച്ച നിയന്ത്രിച്ചു.

 

കാലാവസ്ഥാ വ്യതിയാനം വലിയ സാമ്പത്തിക ഭീഷണിയായി മാറുന്ന സാഹചര്യത്തില്‍, തൊഴില്‍ മേഖലയിലെ നൈപുണ്യ വിടവ് നികത്താന്‍ വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം കേവലം സിദ്ധാന്തങ്ങളില്‍ ഒതുങ്ങാതെ പ്രായോഗിക പരിശീലനത്തിനും നൈപുണ്യ വികസനത്തിനും മുന്‍ഗണന നല്‍കുന്നതാകണം. കൃഷി ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രായോഗിക അറിവുള്ള സംരംഭകരെ വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ ഭാവിയിലെ ഇന്ത്യയെ സജ്ജമാക്കാന്‍ സാധിക്കൂ എന്ന് സെഷന്‍ വിലയിരുത്തി.

For More Details  7034044141