കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസരീതികളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും ഭാവിക്ക് അനുയോജ്യമായ രീതിയില്‍ പുനര്നിര്മ്മിക്കുന്നതിനുമായി ജെയിന് യൂണിവേഴ്സിറ്റി ചര്‍ച്ച സംഘടിപ്പിച്ചു. സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ന്റെ ഭാഗമായി നടന്ന ബ്രേക്ക്ഫാസ്റ്റ് ചാറ്റില്‍ വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരും സര്‍ക്കാര്‍ പ്രതിനിധികളും പ്രമുഖ ഐടി കമ്പനികളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. പുതിയ സാങ്കേതികവിദ്യകള്‍, തൊഴില്‍ നൈപുണ്യം, വളര്‍ന്നുവരുന്ന അവസരങ്ങള്‍ എന്നിവയ്ക്കൊപ്പം കേരളത്തിലെ വിദ്യാഭ്യാസ രീതി നേരിടുന്ന വെല്ലുവിളികളും ചര്‍ച്ചയില്‍ വിഷയമായി.
നമ്മുടെ വിദ്യാഭ്യാസ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നൈപുണ്യ വികസനവുമായി ബന്ധപ്പെട്ടതാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം അഭിപ്രായപ്പെട്ടു. നൈപുണ്യ വികസനം ഇപ്പോഴും വെറും സിദ്ധാന്തമായി തുടരുകയാണെന്നും, കൃത്യമായ പ്രായോഗിക പരിശീലനത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. നൈപുണ്യ വികസനത്തിനുള്ള പരിശീലനം സ്കൂള്‍ തലത്തില്‍ നിന്നുതന്നെ ആരംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴിലില്ലായ്മ നാം നേരിടുന്ന പ്രധാന പ്രശ്നമാണെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും യുവാക്കളില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്നത് അനിവാര്യമാണെന്നും കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റിയാസ് പി.എം പറഞ്ഞു. അറിവിനെയും നൈപുണ്യത്തെയും വേര്‍തിരിച്ചു കാണേണ്ടതില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തന്നെ അധ്യാപകര്‍ക്കും കൃത്യമായ പരിശീലനം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഭകള്‍ നമുക്കിടയിലുണ്ടെന്നും അവര്‍ക്ക് ശരിയായ ദിശാബോധം നല്കിയാല് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നും കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും ടിസിഎസ് ഇന്നൊവേഷന് ലാബ്സ് മേധാവിയുമായ റോബിന് ടോമി പറഞ്ഞു. കേരളത്തിന്റെ സാമൂഹിക പ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടുള്ള വികസന മാതൃകകളാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐബിഎം പ്രോഗ്രാം ഡയറക്ടര്‍ മാധുരി ഡി മാധവന് പിള്ള, കെപിഎംജി സീനിയര്‍ എച്ച്ആര്‍ അസോസിയേറ്റ് ഡയറക്ടര്‍ ജെസ്വിന് ജോസ്, ഇ വൈ ജി ഡി എസ് സീനിയര്‍ മാനേജര്‍ വിനോദ് വി എസ്, ഭാരതമാതാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോണ്സണ്, ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ടോം എം ജോസഫ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ജെ ലത, ഫ്യൂച്ചര്‍ കേരള മിഷന് ചെയര്മാന് വേണു രാജാമണി എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.
For More Details 7034044141
