വിഴിഞ്ഞം പദ്ധതിയുടെ നേതൃത്വം ലിംഗവിവേചനത്തിനെതിരായ കേരളത്തിന്റെ പ്രഖ്യാപനം: ഡോ. ദിവ്യ എസ്. അയ്യര്‍

divya_IAS_1

കൊച്ചി: പുരുഷന് അനുകൂലമായ പൊതുസാഹചര്യങ്ങളില്‍ ഒരു സ്ത്രീ ഭരണനേതൃത്വത്തില്‍ ഇരിക്കുക എന്നത് എളുപ്പമല്ലെങ്കിലും കൃത്യമായ കാഴ്ചപ്പാടുണ്ടെങ്കില്‍ അത് പ്രയാസകരമല്ലെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് എം.ഡി ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്. ജെയിന്‍ സര്‍വകലാശാലയുടെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’ പരിപാടിയില്‍ ‘വുമണ്‍ ഇന്‍ കമാന്‍ഡ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിഴിഞ്ഞം തുറമുഖം നേരിട്ട സങ്കീര്‍ണ്ണമായ പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ ആ ദൗത്യം തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചത് ആഗോളതലത്തില്‍ ലിംഗവിവേചനത്തിനെതിരെയുള്ള കേരളത്തിന്റെ ശക്തമായ പ്രസ്താവനയാണെന്ന് അവര്‍ പറഞ്ഞു.

 

വിദേശരാജ്യത്തുനിന്ന് നമ്മുടെ തുറമുഖം സന്ദര്‍ശിക്കാന്‍ എത്തിയ ടീമിന് ഒരു വനിത ഈ ബൃഹത്തായ പദ്ധതിയെ നയിക്കുന്നത് വലിയ പ്രചോദനമായി. തന്റെ കൂടെ ജോലി ചെയ്യുന്നവരെല്ലാം അവരവരുടെ മേഖലകളില്‍ അതീവ നൈപുണ്യമുള്ളവരാണ്. അതിനാല്‍ അവര്‍ക്കെല്ലാം അര്‍ഹമായ ഇടം നല്‍കാനും പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ അനാവശ്യമായി ഇടപെടാതിരിക്കാനുമാണ് താന്‍ ശ്രദ്ധിക്കാറുള്ളതെന്നും അവര്‍ വ്യക്തമാക്കി.

 

മകനെ പൊതുവേദികളില്‍ കൊണ്ടുപോകുന്നതിനെക്കുറിച്ചും കുട്ടികളുടെ വളര്‍ച്ചയെക്കുറിച്ചും അവര്‍ ഹൃദ്യമായ രീതിയില്‍ സംസാരിച്ചു. ‘അപരിചിതരുമായി ഇടപെടുക എന്നത് ജീവിതത്തിലെ സുപ്രധാനമായ നൈപുണ്യമാണ്. ഇന്നത്തെ കുട്ടികള്‍ വളരെ ഒറ്റപ്പെട്ട ലോകത്താണ് വളരുന്നത്. സാധാരണ മനുഷ്യരോട് എങ്ങനെ പെരുമാറണമെന്ന് കുട്ടികള്‍ പഠിച്ചിരിക്കണം. ആ കഴിവ് വളര്‍ത്തിയെടുക്കാനാണ് മകനെ ചെറുപ്പം മുതല്‍ ഞാന്‍ പൊതുവിടങ്ങളില്‍ കൂടെക്കൂട്ടുന്നത്,’ അവര്‍ പറഞ്ഞു. സമയം ഒരു പരിമിതിയല്ല മറിച്ച് ലക്ഷ്യങ്ങള്‍ക്കായി സമയം കണ്ടെത്തണമെന്നും ഓരോ കുട്ടിയും ലോകത്തെ നേരിട്ടറിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ വികാരങ്ങള്‍ പുറത്തുകാണിക്കരുത് എന്ന പൊതുബോധത്തെയും അവര്‍ തിരുത്തി. വിജ്ഞാനം പോലെ തന്നെ ശാസ്ത്രീയമാണ് വികാരങ്ങളും. സന്തോഷവും സങ്കടവും പ്രകടിപ്പിക്കുന്നത് ദൗര്‍ബല്യമല്ല, മറിച്ച് മനുഷ്യരെ ഒന്നിപ്പിക്കുന്ന കരുത്താണത്. പ്രൊഫഷണല്‍ രംഗത്ത് ഹൃദയം കൂടി നല്‍കി പ്രവര്‍ത്തിച്ചാല്‍ അത് കൂടുതല്‍ മികവിലേക്ക് നയിക്കും.

For More Details  7034044141