കൊച്ചി: സമൂഹത്തെ ഭയന്ന് സ്വന്തം സ്വത്വം വെളിപ്പെടുത്താതെ ജീവിക്കുന്ന ഒരുപാട് പേര്‍ ഇന്നും കേരളത്തിലുണ്ടെന്ന് ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ റിയാസ് സലീം. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ’ ഭാഗമായി സംഘടിപ്പിച്ച ‘അണ്‍ബോക്‌സ്ഡ് – എല്‍ജിബിടിക്യുഐഎ പ്ലസ്’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലരും ഇപ്പോഴും സമൂഹത്തിന് വേണ്ടി സ്വന്തം ഇഷ്ടങ്ങള്‍ ബലികഴിച്ച് ജീവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘പുരുഷന്‍മാര്‍ ഇങ്ങനെയൊക്കെ നടക്കണം, മേക്കപ്പ് ഇടരുത്, കരയരുത് എന്നിങ്ങനെ സമൂഹം ഉണ്ടാക്കിവെച്ചിട്ടുള്ള ചില രീതികളുണ്ട്. ഞാന്‍ മേക്കപ്പ് ഇട്ട് പുറത്തിറങ്ങുമ്പോള്‍ പലരും എന്നെ വിചിത്രമായി നോക്കാറുണ്ട്. അങ്ങനെയുള്ളവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല ഞാന്‍ ജീവിക്കുന്നത്. എനിക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ എന്നെ അനുവദിക്കുക,’ റിയാസ് വ്യക്തമാക്കി.
ഏറെ നിയമപോരാട്ടങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവിലാണ് തനിക്ക് പങ്കാളിക്കൊപ്പം ഒരുമിച്ച് ജീവിക്കാനായതെന്ന് ബിഗ് ബോസ് താരം നൂറ പറഞ്ഞു. തുടക്കത്തില്‍ സമൂഹം തങ്ങളെ അംഗീകരിക്കാന്‍ മടിച്ചെങ്കിലും, ബിഗ് ബോസ് പരിപാടിക്ക് ശേഷം ജനങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നുവെന്നും നൂറ കൂട്ടിച്ചേര്‍ത്തു. തങ്ങളെ മാതൃകയാക്കി നിരവധി ലെസ്ബിയന്‍ ദമ്പതികള്‍ ഇന്ന് മുന്നോട്ട് വരുന്നുണ്ടെന്നും, പല കുടുംബങ്ങളും തങ്ങളുടെ മക്കളെ അംഗീകരിച്ചു തുടങ്ങിയെന്ന് കേള്‍ക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും നൂറയുടെ പങ്കാളി ആദില സെഷനില്‍ പങ്കുവെച്ചു. മാധ്യമപ്രവര്‍ത്തകയും ഗവേഷകയുമായ അഞ്ജന ജോര്‍ജ് സെഷന്‍ നിയന്ത്രിച്ചു.
For More Details 7034044141
