കൊച്ചി: അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്തെ പുത്തന്‍ പ്രവണതകളെക്കുറിച്ച് ജെയിന് ഡീംഡ് ബി യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പ്രമുഖര്‍ സംസാരിച്ചു. വിദേശപഠന മേഖലയിലെ വെല്ലുവിളികളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്കിടയിലെ തെറ്റിദ്ധാരണകളെക്കുറിച്ചും എഡ്രൂട്ട്സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ എം. മുസ്തഫ കൂരി, സാന്താ മോണിക്ക ഡയറക്ടര്‍ നൈസി ബിനു എന്നിവര്‍ സംവദിച്ചു.
വിദേശപഠനം തിരഞ്ഞെടുക്കുന്നതില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പുലര്‍ത്തുന്ന മനോഭാവത്തെ വിദഗ്ധര്‍ വിമര്‍ശിച്ചു. കൃത്യമായ അക്കാദമിക് താല്പര്യങ്ങളോ തൊഴില്‍ സാധ്യതകളോ നോക്കുന്നതിന് പകരം സോഷ്യല്‍ മീഡിയ സ്വാധീനത്തിനും സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നത് തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
വിദേശപഠനം സാധാരണക്കാര്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ഈ രംഗത്തേക്ക് വന്നതെന്ന് എം. മുസ്തഫ കൂരി പറഞ്ഞു. വിദേശ രാജ്യങ്ങളിലെ കുടിയേറ്റ വിരുദ്ധ നയങ്ങളും വിദേശപഠനത്തോടുള്ള താല്പര്യവും തമ്മിലുള്ള സംഘര്‍ഷങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
വിദേശ പഠന ഏജന്‍സികള്‍ കുടിയേറ്റത്തിന് വഴിമരുന്നിടുന്നു എന്ന ആരോപണത്തെ നൈസി ബിനു തള്ളി. ‘ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ നാടുകടത്തുകയല്ല, മറിച്ച് മികച്ച വിദ്യാഭ്യാസം നല്കി ആഗോള വിപണിയിലേക്ക് അവരെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്,’ അവര്‍ വ്യക്തമാക്കി. വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് തന്നെ സ്വതന്ത്രമായി ചിന്തിക്കാനും സാഹചര്യങ്ങള്‍ വിലയിരുത്താനുമുള്ള കഴിവ് വിദ്യാര്‍ത്ഥികള്‍ വളര്‍ത്തിയെടുക്കണം. ഇതിനായി നിലവിലെ വിദ്യാഭ്യാസ രീതിയില്‍ മാറ്റം വരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
‘കരിയര്‍ ലിറ്ററസി’ എന്ന ആശയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ചര്‍ച്ച അവസാനിച്ചത്. വിദേശ ബിരുദം എന്നത് വെറുമൊരു വിസയല്ല, മറിച്ച് ആഗോള കരിയറിനുള്ള അടിത്തറയാണെന്ന് തിരിച്ചറിഞ്ഞു വേണം വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് പോകാനെന്ന് സമ്മിറ്റ് ഓര്‍മ്മിപ്പിച്ചു.
For More Details 7034044141
