കൊച്ചി: കേരളത്തിലെ ഭരണസംവിധാനം ഇന്നും രാജഭരണത്തിന്റെയും കൊളോണിയലിസത്തിന്റെയും സ്വാധീനത്തില്‍ നിന്ന് മുക്തമായിട്ടില്ലെന്ന് മുന്‍ കോഴിക്കോട് ജില്ലാ കളക്ടറും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ പ്രശാന്ത് നായര്‍. ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ലെ ‘ഔട്ട് ഓഫ് ദ സിസ്റ്റം’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കണ്ണടച്ച് നടപ്പാക്കുന്ന രീതിയാണ് ഇപ്പോഴത്തെ ഭരണസംവിധാനത്തിന്റേത്. ഭരണകൂടം ജനക്ഷേമത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും, മുകളില്‍ നിന്ന് പറയുന്നത് ശരിയാകണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരങ്ങളില്‍ ആധുനിക സൗകര്യങ്ങളുള്ള സ്വകാര്യ ബസുകള്‍ വരാത്തത് വ്യവസ്ഥിതിയുടെ പിടിവാശി മൂലമാണ്. ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വലിയൊരു വിഭാഗം ജനങ്ങളുടെ സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജന്മിത്വ കാലഘട്ടത്തില്‍ പ്രസക്തമായിരുന്ന ഭൂപരിഷ്‌കരണ നിയമങ്ങള്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നത് തിരിച്ചടിയാണ്. ഏകവിള കൃഷിരീതികള്‍ പരിസ്ഥിതിക്ക് അനുയോജ്യമല്ലെന്ന നിരീക്ഷണങ്ങള്‍ ഉണ്ടെങ്കിലും തോട്ടഭൂമി സംബന്ധിച്ച പഴയ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. പുതിയ കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ വ്യവസ്ഥിതിക്ക് വലിയ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ മേഖലയില്‍ ഇപ്പോഴും ‘നോക്കുകൂലി’ രീതി പുതിയ രൂപത്തില്‍ നിലനില്‍ക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ക്ഷേമനിധി പദ്ധതികള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കളില്‍ എത്തുന്നുണ്ടോ എന്ന് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. നിയമങ്ങള്‍ കാലത്തിനനുസരിച്ച് മാറണമെന്നും ജനങ്ങളുടെ ക്ഷേമത്തിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വലിയ മാളുകളോ കെട്ടിടങ്ങളോ ഉണ്ടാകുന്നതല്ല വികസനം. ഈ സൗകര്യങ്ങളോടൊപ്പം അതിനാവശ്യമായ മറ്റ് സൗകര്യങ്ങളും ഉണ്ടാകണം. തന്റെ ഭാഷ സംബന്ധിച്ചുയരുന്ന വിമര്‍ശനങ്ങളോട് ഒരോ ഇടങ്ങളിലും അതിനനുയോജ്യമായ ഭാഷയാണ് താന്‍ ഉപയോഗിക്കാറെന്നും അദ്ദേഹം പറഞ്ഞു.
For More Details 7034044141
