കൊച്ചി: കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പുയരുന്നതും കേരളത്തിന്റെ തീരപ്രദേശങ്ങളെ അതീവ ഗുരുതര സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും കടൽഭിത്തികൾ കൊണ്ടുമാത്രം ഇതിനെ പ്രതിരോധിക്കാനാവില്ലെന്നും സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. സമ്മിറ്റിന്റെ മൂന്നാം ദിനത്തിൽ ‘തീരദേശ സംരക്ഷണം’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് തീരശോഷണം തടയുന്നതിനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ ഉയർന്നത്.
തീരപ്രദേശങ്ങളിൽ ഏകദേശം 47 ശതമാനവും തീരശോഷണ ഭീഷണിയിലാണെന്ന് ചർച്ചയിൽ പങ്കെടുത്ത ദേശീയതീരദേശഗവേഷണകേന്ദ്രംഡയറക്ടർ ഡോ. എം.വി. രമണമൂർത്തി ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതിരുന്നതിനാലാണ് കടൽഭിത്തികൾ നിർമ്മിച്ചിരുന്നതെങ്കിൽ ഇന്ന് പ്രകൃതിദത്ത മാർഗ്ഗങ്ങളും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുള്ള പരീക്ഷണങ്ങളാണ് ആവശ്യമാണ് അദ്ദേഹം പറഞ്ഞു. തുറമുഖങ്ങൾ നിർമ്മിക്കുമ്പോൾ തടസ്സപ്പെടുന്ന മണലൊഴുക്ക് സുഗമമാക്കാൻ ‘സാൻഡ് ബൈപാസിംഗ്’ സംവിധാനം അനിവാര്യമാണെന്നും ഡോ. രമണമൂർത്തി പറഞ്ഞു.
ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് കെ.എസ്.ഡി.എം.എ മെമ്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ് സംസാരിച്ചു. തീരദേശസൈറണുകളും എസ്എംഎസ് മുന്നറിയിപ്പ് സംവിധാനങ്ങളും കേരളത്തിൽ വിജയകരമായി നടപ്പിലാക്കിയത് രാജ്യത്തിനുതന്നെ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തീരദേശ സംരക്ഷണത്തിന് ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണവും സുരക്ഷാ പദ്ധതികളും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള താപനവും മഞ്ഞുരുകലും സമുദ്രനിരപ്പുയർത്തുന്നത് കേരളം ഉൾപ്പെടെയുള്ള തീരങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് നോർവേയിൽ നിന്നുള്ള ശാസ്ത്രജ്ഞൻ ലാസ്സെ എച്ച്. പീറ്റേഴ്സൺ വിശദീകരിച്ചു. ആർട്ടിക്കിലെ കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെ മൺസൂൺ ക്രമത്തെപ്പോലും ബാധിക്കാനിടയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സമുദ്രഗവേഷണ മേഖലയിൽ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ അവസരങ്ങളുണ്ടെന്നും ശാസ്ത്രജ്ഞന്മാരോടൊപ്പം നിയമം, ഭരണനിർവ്വഹണം തുടങ്ങിയ മേഖലകളിലുള്ളവർക്കും സമുദ്ര പരിപാലനത്തിൽ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചയിൽ മുൻ അംബാസിഡർ പ്രൊഫ. വേണു രാജാമണി മോഡറേറ്ററായിരുന്നു
For More Details 7034044141
