കൊച്ചി: ഓർമകൾ എഴുതുമ്പോൾ അലങ്കാരങ്ങളും ചമയങ്ങളും ഒഴിവാക്കി സത്യസന്ധമായി വായനക്കാരിലേക്ക് എത്തിച്ചാൽ സ്വീകരിക്കപ്പെടുമെന്ന് കമ്പിളികണ്ടത്തിലെ കൽഭരണികൾ പുസ്തക രചയിതാവ് ബാബു എബ്രഹാം. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ “കമ്പിളികണ്ടത്തിലെ കൽഭരണികൾ” പുസ്തകത്തെ ആസ്പദമാക്കി നടത്തിയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പുസ്തകം. വിജയിക്കുക എന്നുപറഞ്ഞാൽ മറ്റുള്ളവരാൽ മറക്കപ്പെടാത്തവനാകുകയാണെന്നാണ് തന്റെ വിശ്വാസം. കമ്പിളികണ്ടത്തിലെ കൽഭരണികൾ ഒരു നന്ദിയുടെ പുസ്തകമാണ്. 80-കളിലും 90-കളിലും ഉള്ള ആളുകൾ ഇത് ഒരു ക്ലീഷേ ആയോ നൊസ്റ്റാൾജിയ ആയോ അല്ല കാണുന്നത്, മറിച്ച് ഞങ്ങളുടെ കൂടി പുസ്തകമാണിത് എന്ന് പറഞ്ഞു കൊണ്ടാണ് അവർ ഇത് വായിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് ഭാഷയിൽ എഴുതിയാലും അതിനൊരു ഫ്രെയിം വർക്കോ ബോഡി ഫ്രെയിമോ ഒന്നുമുണ്ടാകില്ല, അവയെല്ലാം തികച്ചും സ്വാഭാവികമായി സംഭവിക്കുന്നതാണ്.
“ദാരിദ്ര്യത്തിനും വിശപ്പിനും വാഴ്ത്തുപാട്ട് ഉണ്ടാക്കാൻ എനിക്ക് കഴിയില്ല, കാരണം അത് ക്രൂരമാണ്. അനാഥാലയത്തിൽ ജീവിച്ചതിനെക്കുറിച്ച് എഴുതി കരയിക്കാൻ എനിക്ക് താല്പര്യമില്ല. വള്ളിക്കൊട്ടയിൽ മലം ചുമന്ന് കൊണ്ടുപോകുമ്പോൾ ഉണ്ടായ ട്രോമ ഇന്നും എന്റെ മനസ്സിലുണ്ട്. ആരോടെങ്കിലും ഉള്ള പക തീർക്കാനല്ല ഞാൻ ഈ പുസ്തകം എഴുതിയത്. പകയോടു കൂടി എഴുതുന്ന ആത്മകഥകൾ വായനക്കാരനും പുസ്തകവും തമ്മിൽ ഒരു വിഷലിപ്തമായ ബന്ധം ഉണ്ടാക്കും.”- ബാബു എബ്രഹാം.
ഒരു ദേശത്തെ രേഖപ്പെടുത്താൻ എഴുത്തുകാരന് സാധിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ പുസ്തകമെന്ന് അഞ്ജു സജിത്ത് പറഞ്ഞു. മലയാള സാഹിത്യത്തിൽ 2000-ത്തിന് ശേഷം ഇറങ്ങിയ പുസ്തകങ്ങളിൽ ഒരു മികച്ച ഫെമിനിസ്റ്റാണ് ഈ പുസ്തകത്തിലെ അമ്മ. ആത്മവിശ്വാസത്തിന്റെ വാക്കുകൾ മക്കൾക്ക് പകർന്നു നൽകിയ അമ്മയെയാണ് വരികളിലൂടെ കാണാൻ കഴിയുക. എങ്ങനെയാണ് നമ്മൾ നമ്മളെ രേഖപ്പെടുത്തേണ്ടത് എന്നറിയുവാൻ വായിച്ചിരിക്കേണ്ട പുസ്തകമാണിതെന്നും അവർ പറഞ്ഞു.
For More Details 7034044141
