കൊച്ചി: ബിജെപിയെക്കുറിച്ച് നാളിതുവരെ എൽഡിഎഫ് – യുഡിഎഫ് കക്ഷികൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നത് തെറ്റായ വിവരങ്ങളാണെന്ന്
ട്വന്റി ട്വന്റി പ്രസിഡന്റും കിറ്റക്സ് എംഡിയുമായ സാബു എം ജേക്കബ്. കൊച്ചി ജെയിൻ സർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ ‘ദ ട്വന്റി-ട്വന്റി ഡയലോഗ്’ എന്ന സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബിജെപിയെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് ഇതുവരെ എൽഡിഎഫും യുഡിഎഫും കേരളത്തിൽ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. മോദി സർക്കാർ വന്നതിനു ശേഷമാണ് വികസനം എന്താണെന്ന് നമ്മുടെ രാജ്യം അറിഞ്ഞത്. ഒരു ദരിദ്ര രാഷ്ട്രം എന്ന നിലയിലാണ് നമ്മുടെ രാഷ്ട്രം മുൻപ് അറിയപ്പെട്ടിരുന്നത്. ഇന്ന് നമ്മുടെ രാജ്യം ലോകത്തിൽ ഒരു ശക്തിയായി മാറിയിട്ടുണ്ടെങ്കിൽ അത് മോദി അധികാരത്തിൽ വന്നതിനു ശേഷം മാത്രമാണ്.” സാബു പറഞ്ഞു.
ഇടത്-വലത് പ്രസ്ഥാനങ്ങൾ തന്റെ സംരംഭത്തെ തകർക്കാൻ ശ്രമിച്ചതു മുതലാണ് രാഷ്ട്രീയത്തിൽ ഇടപെടണം എന്ന ചിന്ത തനിക്ക് ഉണ്ടായതെന്ന് സാബു പറഞ്ഞു. ഇടത് സർക്കാർ വന്നതിനു ശേഷം തന്റെ സ്ഥാപനത്തിൽ റെയ്ഡ് നടന്നപ്പോൾ ഗുണ്ടകളെപ്പോലെയാണ് ഉദ്യോഗസ്ഥർ പെരുമാറിയതെന്നും സാബു ആരോപിച്ചു.
കേരളത്തിലെ വ്യവസായ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി തൊഴിലാളി യൂണിയനുകളല്ല, മറിച്ച് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പീഡനമാണെന്ന് സാബു എം. ജേക്കബ് വിമർശിച്ചു. തൊണ്ണൂറുകളിൽ നിലനിന്നിരുന്ന സമരമുറകൾ മാറിയെങ്കിലും, ഉദ്യോഗസ്ഥരുടെ അഴിമതിയും നൂലാമാലകളും വ്യവസായികളെ പ്രതിസന്ധിയിലാക്കുന്നു. കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് ദീർഘവീക്ഷണമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശാസ്ത്രീയവും അച്ചടക്കമുള്ളതുമായ ട്വന്റി-20 മാതൃക വാർഡ് തലം മുതൽ നടപ്പിലാക്കുന്നതിലൂടെ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നും, ഇത് മറ്റ് സംസ്ഥാനങ്ങൾക്ക് പോലും മാതൃകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
“ഇന്ന് കേരളത്തിൽ എൻഡിഎ മുന്നണിക്ക് പഴയ നേതൃത്വമല്ല. രാജീവ് ചന്ദ്രശേഖർ വന്നതിനു ശേഷം കാര്യങ്ങൾ മാറിയിട്ടുണ്ട്.” സാബു പറഞ്ഞു. അതേസമയം മതവും രാഷ്ട്രീയവും കൂട്ടി കലർത്താൻ പാടില്ലെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് സാബു എം ജേക്കബ് അഭിപ്രായപ്പെട്ടു. എന്നാൽ എൻഡിഎയിൽ നിന്നു കൊണ്ട് സാബു എം ജേക്കബ് ഇത് പറയുമ്പോൾ അതിൽ വൈരുദ്ധ്യമുണ്ടെന്ന് സദസിൽ നിന്നും ഒരാൾ ചൂണ്ടിക്കാട്ടി. സെഷനിൽ എഴുത്തുകരാൻ രാം മോഹൻ പാലിയത്ത് മോഡറേറ്ററായിരുന്നു.
For More Details 7034044141
