പ്രതിസന്ധികളെയും സാമൂഹിക വെല്ലുവിളികളെയും അതിജീവിച്ച് മുന്നേറുന്നവരുടെ അനുഭവങ്ങൾ ‘സമിറ്റ് ഓഫ് ഫ്യൂച്ചർ’ വേദിക്ക് പുത്തൻ ഊർജ്ജമായി. ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ‘വേറിട്ട വഴികൾ – ഒഴുക്കിനെതിരെ നീന്തിക്കയറാം’ എന്ന വിഷയത്തിൽ ശ്രുതി സിതാര, ജിൻസി ബോബു, നീതു പോൾസൺ എന്നിവർ സംസാരിച്ചു.
മിസ് ട്രാൻസ് ഗ്ലോബൽ ജേതാവായ ശ്രുതി സിതാര തന്റെ സ്വത്വം തുറന്നുപറഞ്ഞപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെച്ചു. തന്റെ കാര്യത്തിൽ കുടുംബവും സുഹൃത്തുക്കളും പൂർണ്ണ പിന്തുണയുമായി ഒപ്പം നിന്നതിനാൽ ആ മാറ്റം എളുപ്പമായെന്ന് ശ്രുതി പറഞ്ഞു. എന്നാൽ എല്ലാ ട്രാൻസ് വ്യക്തികൾക്കും ഇത്തരം സാഹചര്യങ്ങൾ ലഭിക്കാറില്ലെന്നും, സമൂഹം അവരെ കൂടുതൽ ചേർത്തുനിർത്തണമെന്നും ശ്രുതി ഓർമ്മിപ്പിച്ചു.
നമ്മുടെ ശരീരത്തെക്കുറിച്ച് മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന പേടിയായിരുന്നു ഒരുകാലത്ത് തന്നെ പിന്നോട്ട് വലിച്ചിരുന്നതെന്ന് പ്ലസ് സൈസ് മോഡലായ ജിൻസി ബോബു പറഞ്ഞു. 40 വയസ്സിന് ശേഷമാണ് താൻ മോഡലിംഗ് രംഗത്തേക്ക് ചുവടുവെച്ചതെന്നും അവർ പറഞ്ഞു. പ്രായമോ ശരീരപ്രകൃതിയോ ഒന്നിനും തടസ്സമല്ലെന്ന് ജിൻസി തന്റെ ജീവിതത്തിലൂടെ കാണിച്ചുതരുന്നു. ഭയമില്ലാതെ സ്വയം പ്രകടിപ്പിക്കാൻ പഠിച്ചതാണ് തന്റെ വിജയമെന്നും, ഇതിന് കുടുംബം നൽകിയ വലിയ പിന്തുണയാണ് കരുത്തായതെന്നും ജിൻസി വ്യക്തമാക്കി.
നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന കടുത്ത പരിഹാസങ്ങളെയും അധിക്ഷേപങ്ങളെയും കുറിച്ച് എഴുത്തുകാരിയും സംരംഭകയുമായ നീതു പോൾസൺ മനസ്സുതുറന്നു. തന്റെ എഴുത്തിലൂടെ ഇത്തരം വേർതിരിവുകളെയും തിക്താനുഭവങ്ങളേയും നീതു തുറന്നുകാട്ടുന്നു. ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടെങ്കിലും ആർക്കും കീഴടങ്ങാതെ സ്വന്തം താൽപ്പര്യങ്ങൾക്കനുസരിച്ച് ജീവിക്കാനാണ് താൻ തീരുമാനിച്ചത്. സമൂഹത്തിന്റെ ജഡ്ജ്മെന്റുകളെ തള്ളിക്കളഞ്ഞ് മുന്നോട്ട് പോകാനുള്ള കരുത്ത് ഓരോരുത്തർക്കും വേണമെന്ന് നീതു പറഞ്ഞു.
സോഷ്യൽ മീഡിയയിലെ വിദ്വേഷ കമന്റുകളെക്കുറിച്ചും പാനലിസ്റ്റുകൾ സംസാരിച്ചു. ഒന്നിന്റെ പേരിലായാലും ആരെയും വ്യക്തിഹത്യ ചെയ്യാനോ അധിക്ഷേപിക്കാനോ ആർക്കും അവകാശമില്ലെന്നും, പരസ്പര ബഹുമാനമാണ് പ്രധാനമെന്നും സെഷൻ ഓർമ്മിപ്പിച്ചു. സഹാനുഭൂതിയുള്ള ഒരു തലമുറയാണ് നാളത്തെ ലോകത്തിന് ആവശ്യമെന്ന സന്ദേശമാണ് ഈ ചർച്ച പങ്കുവെച്ചത്.
For More Details 7034044141
