കൊച്ചി: അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകൾക്ക് പകരം കൃത്യമായ പ്ലാനിംഗും സുതാര്യതയും സ്വകാര്യ മേഖലയിലെ അച്ചടക്കവും കൂടിച്ചേർന്ന ‘ഭാവിസജ്ജമായ ഭരണകൂടം’ (Future-Ready Government) കേരളത്തിന് ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊച്ചി ജെയിൻ സർവ്വകലാശാല സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി ജെയിൻ സർവ്വകലാശാലയുടെ ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ ടോം എം ജോസഫുമായി നടത്തിയ ‘മാസ്റ്റേഴ്സ് ഇൻ സോഷ്യൽ എഞ്ചിനീയറിംഗ്’ എന്ന സംവാദത്തിൽ, സോഷ്യൽ എഞ്ചിനീയറിംഗ് എന്ന പദത്തിന് പുതിയൊരു വ്യാഖ്യാനം അദ്ദേഹം നൽകി. “സോഷ്യൽ എഞ്ചിനീയറിംഗ് എന്നത് ജനങ്ങളെ സ്വാധീനിക്കാനോ രാഷ്ട്രീയ നേട്ടമുണ്ടാക്കാനോ ഉള്ള തന്ത്രമല്ല. മറിച്ച്, ഒരു പ്രോജക്റ്റ് മാനേജ്മെന്റ് ശൈലിയിൽ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശാസ്ത്രീയമായ രീതിയാണ്.” അദ്ദേഹം പറഞ്ഞു.
“യുവാക്കൾ തൊഴിൽ തേടിയും വിദ്യാഭ്യാസത്തിനായും വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ട്. ഗൾഫിലേക്ക് പോകുന്നതുപോലെയല്ല യൂറോപ്പിലേക്ക് പോകുന്നത്. ഗൾഫിൽ നിന്നും പണം നാട്ടിലേക്ക് വരുന്നുണ്ട്. എന്നാൽ യൂറോപ്പിൽ നിന്നും അങ്ങനെയല്ല. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ യുവാക്കളെ നാട്ടിൽ നിൽക്കാൻ പ്രേരിപ്പിക്കുന്ന ഒരു വകുപ്പ് രൂപീകരിക്കും. അത് യുവാക്കളുമായി ബന്ധപ്പെട്ട വകുപ്പ് ആയിരിക്കും.” വി ഡി സതീശൻ പറഞ്ഞു. “കേരളത്തിൽ അതിവേഗ റെയിൽ ആവശ്യമാണ്. എന്നാൽ അത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നത് ആയിരിക്കരുത്. കേരളത്തിൽ പരിസ്ഥിതിക്ക് അനുയോജിച്ച വ്യവസായങ്ങളാണ് വേണ്ടത്. അവ ഏതൊക്കെയെന്ന് സർക്കാർ പട്ടികപ്പെടുത്തണം. അത്തരം വ്യാവസായങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കണം.”
“കഴിഞ്ഞ അഞ്ച് വർഷം ഹർത്താലുകളോ പണിമുടക്കുകളോ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അഭിമാനമുണ്ട്.”
“കേരളത്തിന്റെ 600 കിലോമീറ്റർ തീരപ്രദേശമുണ്ട്. ഇവിടെ കോസ്റ്റൽ ഷിപ്പിങ് ആവശ്യമാണ്. അത് എൻ്റെ സ്വപ്ന പദ്ധതിയാണ്. ചരക്ക് ഗതാഗതം പൂർണ്ണമായും കടലിലേക്ക് മാറുന്നതോടെ റോഡ് ഫ്രീ ആകും.” രണ്ടാം ഘട്ടത്തിൽ ക്രൂയിസ് ഷിപ്പിങ്, മൂന്നാം ഘട്ടത്തിൽ ഉൾനാടൻ ജലഗതാഗതം എന്നിവയാണ് നടപ്പാക്കുക. കേരളത്തിലേ വിമാനത്താവളങ്ങളെ ദുബൈ, സിംഗപ്പൂർ മാതൃകയിൽ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളം വെറുമൊരു ഉപഭോക്തൃ സംസ്ഥാനമായി തുടരാതെ, ആഗോള വ്യവസായ കേന്ദ്രമായി മാറണമെന്ന് വി ഡി സതീശൻ പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്കും സ്വകാര്യ നിക്ഷേപകർക്കും സർക്കാർ ഒരു സഹായിയായി മാറണം. പ്രതിസന്ധി ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പുകൾക്ക് ‘വെന്റിലേറ്റർ’ പോലെ പ്രവർത്തിക്കുന്ന നികുതി ഇളവുകളും വേഗത്തിലുള്ള അനുമതികളും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് നിലവിലെ പാഠ്യപദ്ധതികൾ പെട്ടെന്ന് കാലഹരണപ്പെടുകയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിനായി വ്യവസായ പ്രമുഖരുമായി ചേർന്ന് ‘ബ്രിഡ്ജ് കോഴ്സുകൾ’ ആരംഭിക്കണം. സാങ്കേതിക വിദ്യ മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവതലമുറ ജനാധിപത്യപരമായ ചിന്താഗതി വളർത്തണമെന്നും വി ഡി സതീശൻ ആഹ്വാനം ചെയ്തു. “ഓരോ വ്യക്തിയും രാഷ്ട്രീയ ബോധമുള്ളവരായിരിക്കണം, എന്നാൽ രാഷ്ട്രീയം പറയാൻ അവർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗമാകണമെന്ന് നിർബന്ധമില്ല,” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധേയമായി. കേരളത്തിന്റെ മതനിരപേക്ഷതയും ബൗദ്ധികമായ കരുത്തുമാണ് നമ്മുടെ ഏറ്റവും വലിയ ആസ്തിയെന്നും അദ്ദേഹം പറഞ്ഞു.
For More Details 7034044141
