കൊച്ചി: കേരളത്തിലെ ജീവിതനിലവാരം മോശമാണെന്ന പൊതുധാരണ തിരുത്തപ്പെടേണ്ടതാണെന്ന് എസ്.സി.എം.എസ്. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർമാൻ ഡോ. രാധ പി തേവന്നൂർ. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ നടന്ന ജീവിത നിലവാരം എങ്ങനെ ഉയർത്താം എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.കേരളത്തിൽ ഒന്നുമില്ലെന്ന വാദത്തോട് തനിക്ക് ഒരിക്കലും യോജിക്കാനാവില്ല. കേരളത്തിൽ ആളുകൾക്ക് വാഹനങ്ങൾ വാങ്ങാനുള്ള സാമ്പത്തിക ശേഷി വർദ്ധിച്ചതാണ് ഇവിടുത്തെ റോഡ് ബ്ലോക്കുകൾക്ക് പ്രധാന കാരണം. എന്നാൽ ന്യൂയോർക്കിൽ സ്ഥിതി വ്യത്യസ്തമാണെന്നും അവിടുത്തെ റോഡുകളിൽ പോലും കുഴികളുണ്ട്. വിദേശത്ത് പോയാൽ മാത്രമേ മികച്ച ജീവിതം ലഭിക്കൂ എന്നത് വെറും തോന്നൽ മാത്രമാണെന്നും അവർ പറഞ്ഞു.വയോജന പരിപാലന മേഖലയിൽ കേരളത്തിലെ യുവജനങ്ങൾ കാണിക്കുന്ന വിമുഖതയെയും അവർ വിമർശിച്ചു.
ജൈവകൃഷിയിലൂടെ ഭക്ഷ്യ ആവശ്യത്തിന് അനുസൃതമായ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയില്ലെന്ന വാദം ചർച്ചയിൽ പങ്കെടുത്ത പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബി ജോൺ ഉന്നയിച്ചു. രാസകൃഷിയെ പൂർണമായും പിന്തുണച്ച അദ്ദേഹം കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്നും അഭിപ്രായപ്പെട്ടു. ഭക്ഷ്യസുരക്ഷയ്ക്ക് നാം പ്രാധാന്യം നൽകണം.ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യ സുരക്ഷയും അവതാളത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയെ ഉദാഹരണമാക്കിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജീവിതശൈലിയിലെ മാറ്റം സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സിജു സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഫാസ്റ്റ് ഫുഡിന് പ്രിയമേറിയപ്പോൾ രോഗികളുടെ എണ്ണം വർദ്ധിച്ചു.ആരോഗ്യമുള്ള ശരീരമുണ്ടെങ്കിൽ മാത്രമേ എല്ലാ മേഖലയിലും നമുക്ക് നേട്ടം കൈവരിക്കാനാകൂ. അതിനാൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ജീവിതശൈലി ബോധവത്കരണവും ഉൾപ്പെടുത്തേണ്ടതും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അന്തസുള്ള ജീവിതം, ആരോഗ്യകരമായ അന്തരീക്ഷം എന്നിവ ഉറപ്പാക്കണമെന്ന് അഭിഭാഷകൻ ജാജു ബാബു പറഞ്ഞു.അതേസമയം, കേരളത്തിലെ ജീവിത നിലവാരം മോശമാണെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വളർന്നുവരുന്ന തലമുറയ്ക്ക് മികച്ച പഠനാന്തരീക്ഷം, കളിസ്ഥലം എന്നിവയാണ് ഒരുക്കേണ്ടത്. കുട്ടികൾക്ക് മാനസികവും ശാരീരികവുമായി ഉണ്ടെങ്കിൽ മാത്രമേ നല്ല വിദ്യാഭ്യാസം സാധ്യമാകൂ. സംഗീതം, കായികം, വായന എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും പുതുതലമുറ മൗലികാവകാശങ്ങളെ കുറിച്ച് ബോധവാന്മാരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജീവിത നിലവാരം ഉയർത്തുന്നതിൽ സാങ്കേതികവിദ്യത്തിൽ നിർണായക പങ്കുണ്ടെന്ന് ഐബിഎം ടെക്നോളജി മാനേജർ ജോർജ്ജ് ഉമ്മൻ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ സാങ്കേതികവിദ്യ ആരോഗ്യ മേഖലയിലും കാർഷിക രംഗത്തും വലിയ മാറ്റത്തിന് വഴിയൊരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സാമൂഹിക പ്രവർത്തകയും ഫോർത്ത് വേവ് ഫൗണ്ടേഷൻ സ്ഥാപകയുമായ ഡാനിയ വിൻസന്റ് സംസാരിച്ചു.രാജ്യത്തെ ശരാശരി പ്രായത്തെ പ്രതിനിധീകരിക്കുന്ന 20-25 വയസ്സിനിടയിലുള്ള യുവാക്കളിലാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കേന്ദ്രീകരിക്കേണ്ടത്.നീതി സേവനം നൽകുന്നവരുടെ കാഴ്ചപ്പാടാണ്, എന്നാൽ തുല്യത എന്നത് അത് സ്വീകരിക്കുന്നവരുടെ അവകാശമാണ്. പ്രതിരോധ പ്രവർത്തനങ്ങളിലൂടെ എല്ലാവരെയും ഒരുപോലെ സംരക്ഷിക്കാൻ നമുക്ക് സാധിക്കുമെന്നും അവർ പറഞ്ഞു.
For More Details 7034044141
