സിനിമകളിലെ കുറ്റകൃത്യങ്ങൾ സമൂഹത്തെ സ്വാധീനിക്കുന്നില്ല: മുരളി ഗോപി

murali_gopi_1

കൊച്ചി: സിനിമകളിൽ ചിത്രീകരിക്കുന്ന കുറ്റകൃത്യങ്ങൾ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്ന വാദത്തെ താൻ അംഗീകരിക്കുന്നില്ലെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ ഭരണാധികാരികൾ കുട്ടികളുടെ സിനിമകളാണ് ഇഷ്ടപ്പെട്ടിരുന്നെതെന്ന് മുരളി ഗോപി പറഞ്ഞു. കൊച്ചി ജെയിൻ സർവ്വകലാശാലയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് ‘ദ അനാട്ടമി ഓഫ് എ സ്ക്രീൻപ്ലേ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മനീഷ് നാരായണൻ മോഡറേറ്ററായ ചർച്ചയിൽ, തന്റെ സിനിമകളിലെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് സംസാരിച്ച മുരളി ഗോപി, ‘കമ്മാരസംഭവം’, ‘തീർപ്പ്’ തുടങ്ങിയ ചിത്രങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങൾ യാദൃശ്ചികമല്ലെന്ന് വ്യക്തമാക്കി. ഒരു സിനിമയുടെ ഓരോ തലത്തിലും കൃത്യമായ പ്ലാനിംഗ് ആവശ്യമാണ്. വെറും ഉപരിപ്ലവമായ കാര്യങ്ങൾക്കപ്പുറം ഓരോ കഥാപാത്രവും സ്വാഭാവികമായി പരിണമിക്കണം. ചുറ്റുമുള്ളവരിലും തന്നിലും താൻ കാണുന്ന ‘ഗ്രേ’ ഷേഡുകളാണ് തന്റെ കഥാപാത്രങ്ങൾക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഭയം തോന്നിയാൽ തീരുന്നതാണ് സർഗ്ഗാത്മകത. പിന്നെ എഴുതാൻ കഴിയില്ല. വരുന്നിടത്തുവെച്ച് കാണാം എന്ന് തീരുമാനിക്കുകയെ വഴിയുള്ളൂ.” ഭരണകൂടം സെൻസർ ചെയ്ത് ഭയപ്പെടുത്താൻ ശ്രമിക്കുമ്പോൾ അത് വ്യക്തിപരമായി ബാധിക്കാറുണ്ടോയെന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

സിനിമ എപ്പോഴും പ്രേക്ഷകരെ രസിപ്പിക്കുന്നതാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് മുരളി ഗോപി പറഞ്ഞു. അത് ഒരു പരിമിത വിഭാഗത്തിന് വേണ്ടിയായാലും വലിയ ജനക്കൂട്ടത്തിന് വേണ്ടിയായാലും, തിയേറ്ററിൽ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പ്രതികരണമാണ് താൻ ഏറ്റവും ആസ്വദിക്കുന്നത്. സിനിമയിലെ നൊസ്റ്റാൾജിയയും പഴയകാല ക്രാഫ്റ്റും പുതിയ രീതിയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സിനിമകളുടെ റീമേക്കിങ്ങിനെ താൻ അനുകൂലിക്കുന്നില്ല.

For More Details  7034044141