മാധ്യമപ്രവര്‍ത്തകര്‍ സത്യം തുറന്നുപറയാന്‍ ബാധ്യസ്ഥര്‍, സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ ശ്രീകണ്ഠന്‍ നായരും ജോണി ലൂക്കോസും

media_2

കൊച്ചി: വാർത്താ ചാനലുകളിലൂടെ അപ്രിയ സത്യങ്ങൾ വിളിച്ചുപറയുമ്പോൾ ജനങ്ങൾക്ക് രോഷം തോന്നിയേക്കാമെന്നും എന്നാൽ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറയാതിരിക്കുന്നത് ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ തന്നെ അങ്ങേയറ്റം അസ്വസ്ഥനാക്കുന്നുവെന്നും ട്വന്റിഫോർ, ഫ്ലവേഴ്സ് ടിവി മാനേജിംഗ് ഡയറക്ടർ ശ്രീകണ്ഠൻ നായർ പറഞ്ഞു.

 

കൊച്ചി ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയിൽ നടന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ’ ഭാഗമായി സംഘടിപ്പിച്ച ‘മാസ്റ്റേഴ്സ് ഓഫ് ദി മൈക്ക്: ഡെക്കേഡ്സ് ഓഫ് ന്യൂസ് ആൻഡ് വ്യൂസ്’  എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ചാനലിലൂടെ സത്യങ്ങൾ വിളിച്ചുപറയുമ്പോൾ പലപ്പോഴും ജനങ്ങളിൽ നിന്ന് എതിർപ്പുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഒരു വാർത്തയോ വസ്തുതയോ ജനങ്ങളിൽ എത്തിക്കാതിരിക്കുക എന്നത് മാധ്യമപ്രവർത്തനത്തിലെ നീതിയല്ല. ജനങ്ങൾ അറിഞ്ഞിരിക്കണം എന്ന് തനിക്ക് ബോധ്യമുള്ള കാര്യങ്ങൾ പറയാതിരിക്കുമ്പോൾ ഉണ്ടാകുന്ന മാനസികമായ അസ്വസ്ഥത വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ പല വാർത്താ ചാനലുകളും വെറും ‘ബ്രേക്കിംഗ് ന്യൂസുകളിൽ’ മാത്രമായി ഒതുങ്ങിപ്പോകുകയാണെന്ന് സെഷനിൽ പങ്കെടുത്ത മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് അഭിപ്രായപ്പെട്ടു. വാർത്തകൾ കേവലം വിവരങ്ങൾ എന്നതിലുപരി ‘ലേറ്റസ്റ്റ് ടു ഗ്രേറ്റസ്റ്റ്’ (Latest to Greatest) എന്ന രീതിയിൽ സമഗ്രമായി ജനങ്ങളിലേക്ക് എത്തണം. ഇതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വലിയ രീതിയിൽ സഹായിക്കുന്നുണ്ടെങ്കിലും, കൈമാറുന്ന വിവരങ്ങൾ വസ്തുതാപരമാണോ എന്ന് ഓരോരുത്തരും ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഒരു കാര്യം ഷെയർ ചെയ്യുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ ബോധ്യപ്പെടാൻ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 

മാധ്യമരംഗത്തെ ദശാബ്ദങ്ങൾ നീണ്ട തങ്ങളുടെ അനുഭവസമ്പത്തും, വാർത്താ അവതരണ ശൈലിയിൽ കാലാകാലങ്ങളിൽ വന്ന മാറ്റങ്ങളെക്കുറിച്ചും ഇരുവരും സംവദിച്ചു. ഇത്തരം മാറ്റങ്ങൾ ചാനലുകളുടെ പ്രസക്തിയെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിനെക്കുറിച്ചും വിദ്യാർത്ഥികളുമായി അവർ ആശയങ്ങൾ പങ്കുവെച്ചു.മാധ്യമപ്രവർത്തകയും ഗവേഷകയുമായ അഞ്ജന ജോർജ് സെഷൻ നിയന്ത്രിച്ചു.

For More Details  7034044141