കൊച്ചി: തീവ്രമായ അഭിലാഷമുണ്ടെങ്കിൽ ഏതൊരു സ്വപ്നവും സാക്ഷാത്കരിക്കാൻ സാധിക്കുമെന്ന് കമാൻഡർ അഭിലാഷ് ടോമി. “2018-ൽ പായമരം ഒടിഞ്ഞുണ്ടായ അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വീൽചെയറിലായപ്പോൾ, എന്റെ യാത്രകൾ അവസാനിച്ചുവെന്ന് പലരും കരുതി. എന്നാൽ നാല് വർഷത്തിന് ശേഷം ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനം നേടിയെടുത്ത് ആ സംശയങ്ങൾക്ക് ഞാൻ മറുപടി നൽകി,” – അദ്ദേഹം പറഞ്ഞു
കൊച്ചി ജെയിൻ സർവകലാശാലയിൽ നടന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ’ ഭാഗമായുള്ള ‘എക്സ്പ്ലോറിംഗ് ഫ്രോണ്ടിയേഴ്സ്, കണക്റ്റിംഗ് ഹ്യുമാനിറ്റി’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അതിജീവനത്തിന്റെ കഥയും കടലിലെ അനുഭവങ്ങളും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു.
“നമ്മുടെ മനസ്സ് നമ്മെ സംരക്ഷിക്കുന്ന ഒരു കവചമാണ്. തിരക്കുകൾക്കിടയിലും ദിവസവും 20 മിനിറ്റെങ്കിലും ഫോൺ മാറ്റിവെച്ച് സ്വയം നിശബ്ദമായിരിക്കാൻ ശീലിക്കണം. ബാഹ്യലോകത്തുനിന്ന് വിട്ടുനിൽക്കുമ്പോഴാണ് ലോകത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.
ക്രിയാത്മകമായ ‘സ്വപ്നത്തിന്റെ ‘ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. 2018-ലെ അപകടത്തിൽ പരിക്കേറ്റ് കടലിൽ കഴിഞ്ഞ ആ നാല് ദിവസങ്ങളിൽ കണ്ട സ്വപ്നങ്ങളാണ് നാല് വർഷത്തിന് ശേഷം തന്നെ വിജയത്തിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംരംഭക ലിമി റോസ് ടോം ചർച്ച നിയന്ത്രിച്ചു.
For More Details 7034044141
