തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ശുപാർശ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു

kc_venuGopal_Water_Hyacinth

കൊച്ചി: കേരളത്തിലെ ജലാശയങ്ങളിലെ കുളവാഴ പ്രതിസന്ധി നേരിടുന്നതിനായി കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷൻ തയ്യാറാക്കിയ സമഗ്രമായ ശുപാർശകൾ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതാക്കൾക്ക് കൈമാറി. ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറി’ൽ വെച്ച്  സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി എന്നിവർക്കാണ് ശുപാർശകൾ സമർപ്പിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രകടന പത്രികയിൽ  ഇവ ഉൾപ്പെടുത്തണമെന്നും പ്രതിനിധികൾ അഭ്യർത്ഥിച്ചു.

 

 ജനുവരി എട്ട് മുതൽ പത്ത് വരെ നടന്ന വിദഗ്ദ്ധർ പങ്കെടുത്ത രാജ്യാന്തര കുളവാഴ കോൺഫറൻസ് ഹയാകോൺ 1.0 യുടെ ഭാഗമായാണ് ശുപാർശകൾ തയാറാക്കിയത്. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് മുന്നോടിയായി ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി, ചിഫ് ഫെസിലിറ്റേറ്റർ ഡോ.ടോം ജോസഫ് എന്നിവർ റിപ്പോർട്ട് സംബന്ധിച്ച് കേരളത്തിലെ ഭരണ -പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്നാണ് കൊച്ചിയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിലെത്തിയ എൽഡിഎഫ്, യുഡിഎഫ് നേതാക്കൾക്ക് റിപ്പോർട്ട് കൈമാറിയതും പ്രകടനപത്രികയുടെ ഭാഗമാക്കണമെന്ന് അഭ്യർത്ഥിച്ചതും.

കേരളം  നേരിടുന്ന കുളവാഴ പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് ഫ്യൂച്ചർ കേരള മിഷൻ ലക്ഷ്യമിടുന്നതെന്നും ഭാവി കേരളത്തിനായി  ചർച്ചകൾ നടത്തുക മാത്രമല്ല, സർക്കാരുമായി ചേർന്ന് കൊണ്ട് അവ പ്രാബല്യത്തിൽ വരുത്തുവാനുള്ള മാർഗങ്ങൾക്കാണ് മുൻതൂക്കം നൽകുന്നതെന്നും ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി പറഞ്ഞു. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ആദ്യ പതിപ്പിന്റെ പ്രോഗ്രസ് റിപ്പോർട്ടാണ് യഥാർത്ഥത്തിൽ ഫ്യൂച്ചർ കേരള മിഷനെന്നും രണ്ടാം പതിപ്പ് എത്തിയപ്പോൾ നിർണായകമായ ഘട്ടത്തിലേക്ക് ഫ്യൂച്ചർ കേരള മിഷന്റെ പ്രവർത്തനം എത്തിക്കുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ചീഫ് ഫെസിലിറ്റേറ്റർ ഡോ.ടോം ജോസഫ് പറഞ്ഞു.

 

സംസ്ഥാനത്ത് കുളവാഴ നിർമ്മാർജ്ജനത്തിനായി പ്രത്യേക നയവും കർമ്മപദ്ധതിയും വേണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഇതിനായി കേരള സംസ്ഥാന വെറ്റ്ലാൻഡ് അതോറിറ്റിയെ  നോഡൽ ഏജൻസിയായി നിയമിക്കണം. വേമ്പനാട്-കോൾ തണ്ണീർത്തടങ്ങൾ, വെള്ളായണി കായൽ, വേളി, ആക്കുളം എന്നിവിടങ്ങളിലെ സംരക്ഷണ പദ്ധതികളിൽ കുളവാഴ നീക്കം ചെയ്യുന്നതിന് മുൻഗണന നൽകണം. കുട്ടനാട് അടക്കമുള്ള മേഖലകളിൽ പായൽ ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ഭരണകൂടങ്ങളുടെയും വിവിധ ഏജൻസികളുടെയും ഏകോപിത പ്രവർത്തനം ആവശ്യമാണെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.

 

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പൈലറ്റ് പ്രോജക്റ്റുകൾ നടപ്പിലാക്കാനും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. കുടുംബശ്രീ, ഹരിതകേരള മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയുള്ള ജനകീയ മാതൃകകൾ ഇതിനായി പ്രയോജനപ്പെടുത്തണം. കുളവാഴ ഉപയോഗിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പദ്ധതികൾക്കും ഊന്നൽ നൽകണം. ജലാശയങ്ങളുടെ സംരക്ഷണത്തിനും ജനങ്ങളുടെ ഉപജീവനത്തിനും ആരോഗ്യത്തിനും ശാസ്ത്രീയമായ കുളവാഴ നിയന്ത്രണം അത്യാവശ്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

For More Details  7034044141